ന്യൂഡൽഹി: ജ്യൂസ് പായ്ക്കറ്റിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. നാല് കിലോ സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനെ പിടികൂടാനായത്. ജ്യൂസ് പായ്ക്കറ്റിൽ ബിസ്ക്കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. ആദ്യം നടത്തിയ പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്താനായില്ല.
എന്നാൽ ജ്യൂസ് പായ്ക്കറ്റിന്റെ അസാധാരണ വലുപ്പത്തിലും ഭാരത്തിലും സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് രണ്ട് കോടി വില വരുന്ന നാല് കിലോ സ്വർണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.