പുളിപ്പിച്ച ആഹാരം പ്രാതലിനും അത്താഴത്തിനുമൊക്കെ കഴിക്കുന്നവരാകും നമ്മൾ. ചോറിനെ മാറ്റി നിർത്തി, ചപ്പാത്തിയെ കൂടെ കൂട്ടുന്നതിനൊപ്പം തന്നെ പുളിപ്പിച്ച ദോശയും ഇഡ്ലിയുമൊക്കെ കഴിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ രാത്രിയിൽ ഇത്തരത്തിലുള്ള പുളിപ്പിച്ച ആഹാരം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നതത്.
പുളിപ്പിച്ച ഭക്ഷണങ്ങൾ ചിലപ്പോൾ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് അത്താഴത്തിന് ഇവ ഒഴിവാക്കണമെന്ന് പറയുന്നത്. പുളിപ്പിച്ച ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ബാക്ടീരിയകൾ ആമാശയത്തിലെ ചൂട് വർദ്ധിക്കാൻ കാരണമാകുന്നു. രാത്രിയിൽ പുളിപ്പിച്ച ആഹാരം കഴിച്ചുറങ്ങുന്നത് ഉറക്കത്തെ ബാധിച്ചേക്കാം. ഗർഭിണികളും മുലയൂട്ടുന്നവരും രക്തസമ്മർദ്ദമുള്ളവരും പുളിപ്പിച്ച ആഹാരം രാത്രിയിൽ ഒഴിവാക്കുന്നത് നല്ലതായിരക്കും.
യീസ്റ്റ്, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കൾ ഭക്ഷണത്തിലെ പഞ്ചസാരയെയും അന്നജത്തെയും വിഘടിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയ ആണ് പുളിപ്പിക്കൽ എന്ന് പറയുന്നത്. ഇഡ്ലി, ദോശ, തൈര്, യോഗർട്ട്, പഴങ്കഞ്ഞി തുടങ്ങിയവയൊക്കെ ഇത്തരത്തിലാണ് ഉണ്ടാകുന്നത്. സൂക്ഷ്മാണുക്കൾ പഞ്ചസാരയും അന്നജവും തിന്നുകയും ആസിഡുകൾ അല്ലെങ്കിൽ വാതകങ്ങൾ പോലുള്ളവ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
നിരവധി ആരോഗ്യഗുണങ്ങളാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ നൽകുന്നത്. കുടലിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ദഹനത്തെ സഹായിക്കാനും ഇവ സഹായിക്കുന്നു. മലബന്ധമകറ്റാനും ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യാൻ പുളിപ്പിച്ച ആഹാരം സഹായിക്കും. പുളിപ്പിച്ച ഭക്ഷണം രാവിലെയോ അല്ലെങ്കിൽ ഉച്ചയ്‌ക്കോ കഴിക്കുന്നതാണ് നല്ലത്.
എല്ലാ ഭക്ഷണവും ഒരേ സ്വാധീനമല്ല ശരീരത്തിൽ ചെലുത്തുക. ചീസും യോഗർട്ടും പാൽ പുളിപ്പിച്ച് ഉണ്ടാക്കുന്നാതണെങ്കിലും ചീസ് യോഗർട്ടിന്റെ അത്ര ആരോഗ്യപ്രദമല്ല. പ്രകൃത്തിദത്തമല്ലാതെ വിനാഗിരി പോലുള്ളവ ഉപയോഗിച്ച് പുളിപ്പിച്ചെടുക്കുന്ന ആഹാരം നല്ലതല്ല.















