തലയിൽ ക്രിക്കറ്റ് കളിക്കാരുടെ ഹെൽമറ്റും ധരിച്ച് ശബരിമലയിലെ പതിനെട്ടാംപടിക്ക് താഴെ രണ്ട് വ്യക്തികൾ നിൽക്കുന്നത് അയ്യപ്പ ഭക്തർക്ക് കാണാൻ സാധിക്കും. അയ്യപ്പ ഭക്തന്മാർ ഉടയ്‌ക്കുന്ന നാളികേരം കോരി മാറ്റാൻ നിൽക്കുന്നവരാണിവർ. ഇവരുടെ കയ്യിൽ ക്രിക്കറ്റ് ബാറ്റിന് പകരം നാളികേരം കോരുന്ന ഉപകരണമാണെന്നു മാത്രം. കൊല്ലം കല്ലുവാതുക്കൽ സ്വദേശി വി രഞ്ജുവും പാരിപ്പള്ളി ഹരിനിവാസിൽ ഹരിദാസുമാണ് തലയിൽ ക്രിക്കറ്റ് ഹെൽമറ്റുമിട്ട് നാളികേരം കോരുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.
പതിനെട്ടാംപടി കയറുമ്പോഴും ഇറങ്ങുമ്പോഴും അയ്യപ്പ ഭക്തന്മാർ തിരക്കിട്ട് നാളികേരം ഉടയ്‌ക്കുമ്പോൾ ഇത് കോരിമാറ്റുന്നവരിൽ പലർക്കും പരിക്കേറ്റിരുന്നു. ഇത് ഒഴിവാക്കാനാണ് ഇപ്പോൾ ജോലിക്കാർക്ക് ക്രിക്കറ്റ് ഹെൽമറ്റ് നൽകിയിരിക്കുന്നത്. നാളികേരം കോരിമാറ്റുന്നതിനിടെ ഇത്തരം ഹെൽമറ്റുകൾ ധരിക്കുമ്പോൾ ഉടയ്‌ക്കുന്ന നാളികേരങ്ങളിൽ പലതും തെറിച്ച് വന്നുണ്ടാകുന്ന പരിക്കുകൾ കുറഞ്ഞുവെന്നാണ് ജോലിക്കാർ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സാധാരണ ഹെൽമറ്റായിരുന്നു ജോലിക്കാർക്ക് നൽകിയിരുന്നത്. സാധാരണ ഹെൽമറ്റുകൾ ധരിച്ചാലുണ്ടാകുന്ന അപകട സാധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ നാളികേരം കോരുന്ന ജോലിക്കാർക്ക് ക്രിക്കറ്റ് കളിക്കാരുടെ ഹെൽമറ്റ് നൽകിയിരിക്കുന്നത്.















