തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നു പിടിച്ചയാൾ പോലീസ് പിടിയിൽ. വിളപ്പിൽശാല സ്വദേശി ബിജു (44) ആണ് പിടിയിലായത്. 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പേയാട് നിന്നും വെള്ളനാട്ടേക്ക് യാത്ര ചെയ്തിരുന്ന ബസിലായിരുന്നു സംഭവം.
ബസിൽ നല്ല രീതിയിൽ തിരക്കുണ്ടായിരുന്നതിനാൽ പെൺകുട്ടികൾ ഫുട്ബോർഡിന് സമീപത്തായുള്ള പ്ലാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ബസിൽ കയറിയ പ്രതി പ്ലാറ്റ്ഫോമിൽ നിന്ന വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ലൈംഗിക ഉദ്ദേശത്തോടെ കടന്ന് പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് വിളപ്പിൽശാല പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.