എറണാകുളം: സിബിഎസ്ഇ കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ കുട്ടികൾക്ക് ഭക്ഷണം വിളമ്പി പഴയിടം മോഹൻ നമ്പൂതിരി. സിബിഎസ്ഇ കലോത്സവത്തിൽ ഇത് അഞ്ചാം തവണയാണ് പഴയിടത്തിന്റെ വിഭവങ്ങൾ സ്ഥാനം പിടിക്കുന്നത്. ഇഡലിയും സാമ്പാറും വിളമ്പിയാണ് കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ അദ്ദേഹം രുചി പകർന്നത്.
കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും വെജിറ്റബിൾ കറിയും ഉച്ചയ്ക്ക് സദ്യയ്ക്കൊപ്പം പഴപ്രഥമനുമായിരിക്കും ഉണ്ടാവുക. മൂന്ന് ദിവസങ്ങളിലായി പതിനായിരത്തിലേറെപ്പേർ ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കലോത്സവ സമിതി കണക്കാക്കുന്നത്. കഴിഞ്ഞ സംസ്ഥാന കലോത്സവ കാലത്ത് പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അധികൃതരുമായി ചർച്ചചെയ്ത് വിഷയം പരിഹരിക്കപ്പെട്ടിരുന്നു.