കാലാവസ്ഥാ വ്യതിയാനം പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ ഉഷ്ണകാല രോഗങ്ങളും ശൈത്യകാല രോഗങ്ങളും കൂടി വരികയാണ്. ഇതിൽ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കണ്ണുകൾ ഇടക്കിടെ കലങ്ങി ചുവപ്പ് നിറം കാണപ്പെടുന്നത്. ചെങ്കണ്ണ് അഥവാ കൺജങ്ക്റ്റിവിറ്റിസ് എന്നറിയപ്പെടുന്ന ഒരു രോഗമാണിത്. കൺജങ്ക്റ്റിവയിലുണ്ടാകുന്ന വീക്കമാണ് കണ്ണുകളിൽ ചുവപ്പ് നിറം പ്രത്യക്ഷപ്പെടാൻ കാരണം. വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലമോ അലർജി പ്രശ്‌നങ്ങൾ മൂലമോ ഇങ്ങനെ സംഭവിക്കാം. ചുവപ്പ് നിറത്തിനു പുറമെ ചൊറിച്ചിൽ, കണ്ണിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുമായും ചെങ്കണ്ണ് ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം വരുന്നത് എങ്ങനെ കുറയ്‌ക്കാമെന്ന് നോക്കാം..
1. പതിവായി കൈകൾ കഴുകി വൃത്തിയാക്കുക
ഒരു കണ്ണിൽ നിന്നും മറ്റൊരു കണ്ണിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് കൈകൾ വൃത്തിയാക്കുന്നത്. സോപ്പും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരത്തേക്ക് നിങ്ങളുടെ കൈകൾ കഴുകാൻ ശ്രമിക്കുക.
2. കണ്ണുകളിൽ ഇടയ്‌ക്കിടെ തൊടുന്നത് ഒഴിവാക്കുക
ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ കണ്ണുകളിൽ ഇടയ്‌ക്കിടെ തൊടുന്നത് സ്വഭാവികമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കണ്ണുകളിൽ ബാക്ടീരിയ വർദ്ധിപ്പിക്കുന്നതിനും കണ്ണുകളിലെ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
3. രോഗ ബാധിതരുമായി അടുത്ത് പെരുമാറുന്നത് ഒഴിവാക്കുക
ചെങ്കണ്ണ് പോലുള്ള രോഗം പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ തന്നെ രോഗബാധിതരുമായി കൂടുതൽ പെരുമാറുന്നത് ഒഴിവാക്കുക. തുമ്മുമ്പോൾ ടവൽ കൊണ്ട് പൊത്തിപ്പിടിച്ച് തുമ്മാൻ ശ്രമിക്കുക. നിങ്ങൾക്ക് രോഗം പിടിപ്പെട്ടിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്കും പിടിപെടാൻ സാധ്യതയുണ്ട്.















