മഴക്കാലത്ത് വീടിന്റെ ചുവരുകളിലും മതിലുകളിലും മുറ്റത്തും പായൽ ശല്യം രൂക്ഷമാണ്. എന്നാൽ മഴ മാറിയാലും ഇത് പോകാറില്ല. ഓർക്കാപ്പുറത്ത് പായലിൽ ചവിട്ടി വഴുതി വീണ് ഉണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. വേനൽക്കാലമായാലും പായൽ നശിച്ചു പോകാറില്ല. ഉണങ്ങി നശിച്ച അവസ്ഥയിൽ കാണപ്പെട്ടാലും വെള്ളം നനഞ്ഞാൽ പായലിന് പുതുജീവൻ ഉണ്ടാകും. പായൽ ശല്യം എളുപ്പത്തിൽ നീക്കം ചെയ്യാൻ ചില നുറുങ്ങുവഴികൾ നോക്കിയാലോ.
മതിലിലും ചുമരിലും പായൽ പറ്റിപ്പിടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ തിളച്ച വെള്ളം ഉപയോഗിച്ച് തന്നെ നീക്കം ചെയ്യാം. ഇതിനായി നന്നായി തിളപ്പിച്ച വെള്ളം പായൽ പിടിച്ചിരിക്കുന്ന ഭാഗങ്ങളിൽ അതീവ ശ്രദ്ധയോടെ ഒഴിക്കുക. ശേഷം ചൂലോ ബ്രഷോ ഉപയോഗിച്ച് വേഗത്തിൽ ഉരച്ച് കളയാവുന്നതാണ്.
ഒരു ബക്കറ്റിൽ നിശ്ചിത അളവിൽ ബ്ലീച്ചും ചൂടുള്ള വെള്ളവും കലർത്തുക. ശേഷം പായലുള്ള ഇടങ്ങളിൽ ഈ ലായനി തളിക്കുക. കുറച്ച് നേരത്തിന് ശേഷം കട്ടിയുള്ള ബ്രഷോ ചൂലോ ഉപയോഗിച്ച് നന്നായി ഉരച്ച് നീക്കം ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടില്ലാതെ വളരെ വേഗത്തിൽ പായൽ നീക്കം ചെയ്യാനാകും. ശേഷം മതിലിലും ചുമരുകളിലും വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി.
പായലിനെ നീക്കം ചെയ്യാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന മറ്റൊരു മാർഗം ബേക്കിംഗ് സോഡയുടെയും വിനാഗിരിയുടെയും പ്രയോഗമാണ്. പായൽ പിടിച്ചിരിക്കുന്ന പ്രതലം വെള്ളം ഉപയോഗിച്ച് നനയ്‌ക്കുക. ശേഷം കുറച്ച് ബേക്കിംഗ് സോഡ ഇതിന് മുകളിലായി വിതറുക. കുറച്ച് നേരം കഴിഞ്ഞ് ഒരു ബക്കറ്റ് വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്ത് പായലുള്ള ഭാഗത്തായി ഒഴിക്കുക. ശേഷം ചൂല് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.















