കൊച്ചി: ആലുവയിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലുവയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കും. ഐപിസി 157, വകുപ്പ് പ്രകാരം കേസെടുത്തതായി ആലുവ പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ 8.15-ഓടെയാണ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ കാണാതായത്. സ്കൂളിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതോടെ അധികൃതർ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കൾ ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.