ഐഎസ്ആർഒയ്ക്ക് ഒന്നിലധികം ലക്ഷ്യങ്ങളുണ്ടെങ്കിലും നിലവിൽ രാജ്യത്തെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ചെയർമാൻ എസ് സോമനാഥ്. കൊൽക്കത്തയിൽ നടന്ന 2023 ഗ്ലോബൽ എനർജി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി ലക്ഷ്യങ്ങളാണ് ഐഎസ്ആർഒയ്ക്ക് മുന്നിലുള്ളത്. ഇത് ഒന്നിൽ ഒതുങ്ങുന്നതല്ല. എന്നാൽ നിലവിൽ ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം ഗഗൻയാൻ ദൗത്യമാണ്. നമ്മുടെ രാജ്യത്തെ ഒരു പൗരനെ സുരക്ഷിതമായി ബഹിരാകാശത്തേക്ക് എത്തിച്ച് തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമത്തിലാണ് ഇസ്രോ. ഇതാണ് നിലവിൽ ഉടനടി പ്രാബല്യത്തിലാക്കാൻ ശ്രമിക്കുന്ന ലക്ഷ്യമെന്ന് ഇസ്രോ മേധാവി പറഞ്ഞു.
2025-ൽ ദൗത്യം ലക്ഷ്യം കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ ദൗത്യത്തിനാണ് പദ്ധതിയിടുന്നത്. 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ബഹിരാകാശ യാത്രികരെ എത്തിക്കുക എന്നതാണ് ഗഗൻയാനിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിന് ശേഷം 2028-ഓടെ രാജ്യത്തിന്റേതായി ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ സ്ഥാപിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്. 2035-ഓടെ ഇത് പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്നും എസ് സോമനാഥ് പറഞ്ഞു.















