പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. സംഘർഷത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. തമ്മിൽ തല്ല് നടന്നതിന് പിന്നാലെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. സംഘർഷത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘർഷം നടന്നതിന് പിന്നാലെ കോളേജ് അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ 18 പേരെയും 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനമായി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. വൈസ് പ്രിൻസിപ്പൽ അദ്ധ്യക്ഷനായ ആറംഗ അന്വേഷണ സമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
കോളേജിൽ അടിയന്തരമായി പിടിഎ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ പരാതി പോലിസീന് കൈമാറുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.