ആരോഗ്യത്തിനേറെ ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. അനുഗ്രഹത്തിന്റെ വിത്ത് എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാൽ പലർക്കും ഈ കരിഞ്ചീരകത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. തലമുറകളായി ഉപയോഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണിത്. കരിഞ്ചീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാ…
1) ചർമ്മ പ്രശ്നങ്ങൾക്ക്
ചർമ സൗന്ദ്യരത്തിനും ചർമ സംബന്ധമായ രോഗങ്ങൾക്കും മികച്ച പ്രതിവിധിയാണ് കരിഞ്ചീരകം. മുഖക്കുരു, മുഖത്തിനുണ്ടാകുന്ന അലർജി, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരം കാണാൻ ഇതിന് കഴിയും. കരിഞ്ചീരക എണ്ണ മുടിയിൽ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ, ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. കരിഞ്ചീകത്തിലെ ആൻറി ബാക്ടീരിയൽ, ആൻറി മൈക്രോബയൽ, ആൻറി വൈറൽ, ആൻറി ഫംഗൽ, ആൻറി പാരാസൈറ്റിക് ഘടകങ്ങളാണ് ചർമ്മത്തിന് ഈ ഗുണങ്ങൾ നൽകുന്നത്.
2) ശരീരഭാരം കുറയ്ക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കരിഞ്ചീരകം കഴിക്കാവുന്നതാണ്. പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായകമാണ്. രാവിലെ വെറും വയറ്റിൽ തേനും കരിഞ്ചീരക ഓയിലും തുല്യ അളവിൽ കലർത്തി ഒരു ടീസ്പൂൺ കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
3) ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക്
സ്ത്രീകളിലെ വെള്ളപോക്ക്, രക്തസ്രാവം, ആർത്തവ സമയത്തെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയായി കരിഞ്ചീരകത്തെ ഉപയോഗിക്കാവുന്നതാണ്.
4) കൊളസ്ട്രോളിനെ അകറ്റാൻ
രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ആരോഗ്യകരമായ ആഹാര ശൈലിയിലൂടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാവുന്നതാണ്. ഭക്ഷണത്തിൽ കരിഞ്ചീരകം ചേർക്കുന്നത് ഗുണങ്ങൾ ചെയ്യും.
5) വയറിന്റെ ആരോഗ്യത്തിന്
ഗ്യാസ്, അസിഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പൈൽസ്, മലബന്ധം എന്നിവയ്ക്കുള്ള പരിഹാരവും ഈ കുഞ്ഞൻ വിത്തിലുണ്ട്. ദിവസവും രണ്ട് ഗ്രാം കരിഞ്ചീരകം കഴിക്കുന്നത് നല്ലതാണ്.
കരിഞ്ചീരകം ഉപയോഗിക്കേണ്ടത് ഇങ്ങനെ:
1) കരിഞ്ചീരകം വറുത്ത് പൊടിച്ച് വെക്കുക. ആവശ്യാനുസരണം ചെറുചൂടുള്ള വെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്.
2) കരിഞ്ചീരകം, ജീരകം, മല്ലി, പെരുംജീരകം എന്നിവ ഉണക്കി വറുത്തെടുക്കുക. മഞ്ഞൾപ്പൊടി ചേർത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഇത് ചെറുചൂടുവെള്ളത്തിൽ ചേർത്തോ അല്ലെങ്കിൽ പൊടി ആയോ കഴിക്കാവുന്നതാണ്.
3) കറി വെക്കുമ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോഴും കരിഞ്ചീരകം ചേർക്കാവുന്നതാണ്.
കരിഞ്ചീരകം കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശം തേടുന്നത് നല്ലതാണ്.