തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച പുലർച്ചയോടെ ഇത് വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രാ തീരപ്രദേശങ്ങളിൽ എത്താനാണ് സാദ്ധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന് പുറമെ വടക്കൻ ശ്രീലങ്കയ്ക്കും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതും മഴ ശക്തമാകാൻ കാരണമായേക്കുമെന്നാണ് പ്രവചനം.