കോഴിക്കോട്: അരയിടത്ത് പാലത്തിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറിനാണ് തീ പിടിച്ചത്. സംഭവത്തിൽ ആളപായമില്ല. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കയറിപോയപ്പോഴായിരുന്നു കാറിന് തീപിടിച്ചത്.
റോഡരികിൽ നിർത്തിയിട്ട വാഹനം തീ പിടിച്ചതിന് ശേഷം തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തീ പടർന്ന ഉടൻ തൊട്ടടുത്ത മാളിലെ ജീവനക്കാരും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്. തീപിടിത്തതിൽ കാറിന്റെ മുൻ ഭാഗം പൂർണമായും കത്തി നശിച്ചു.