കൊല്ലം: ആറുവയസുകാരിയെ തട്ടികൊണ്ട് പോയ കേസിൽ ഒരാളുടെ രേഖാ ചിത്രം കൂടി പുറത്ത് വിട്ട് പോലീസ്. കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച യുവതിയുടെ രേഖാ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് ഒരു സ്തീയുടെയും പുരുഷന്റെയും രേഖാചിത്രം കൂടി പോലീസ് പുറത്ത് വിട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖാ ചിത്രങ്ങളായിരുന്നു പുറത്ത് വിട്ടിരുന്നത്.
കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. കുട്ടി പോലീസിന് നൽകിയ മൊഴിയിൽ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് വ്യക്തമാക്കിയത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.
മറ്റുള്ളവരുടെ മുഖം ഓർമ്മയില്ലെന്നും ആറുവയസുകാരി മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ചയും ഇതേവിവരം തന്നെയാണ് കുട്ടി പങ്കുവച്ചിരുന്നത്. ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.