ന്യൂഡൽഹി : ന്യൂസിലൻഡിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ഖാലിസ്ഥാനികൾക്ക് തടവ് ശിക്ഷ. 2020ൽ റേഡിയോ അവതാരകനായ ഹർനേക് സിംഗിനെ കുത്തി കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നു. ഹാർനെക് ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയതാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചത്.
48 കാരനായ ന്യൂസിലൻഡ് പൗരനാണ് ഗൂഢാലോചനയുടെ സൂത്രധാരനെന്ന് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 13 വർഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. 27 കാരനായ സർവജിത് സിദ്ദുവിനെ 9 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. 44 കാരനായ സുഖ്പ്രീത് സിംഗ് ആറ് മാസമായി വീട്ടുതടങ്കലിലാണ്. ജസ്പാൽ സിംഗ് എന്ന പ്രതിയ്‌ക്ക് 2022 മെയ് മാസത്തിൽ ഓക്ക്‌ലൻഡ് ഹൈക്കോടതി 5 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു .
2020 ഡിസംബർ 23-ന് ഹർനേക് സിംഗ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം . മൂന്ന് വാഹനങ്ങളിലായാണ് അക്രമികൾ എത്തിയത്. ഹർനേക്കിന്റെ കാർ വളഞ്ഞ ഇവർ കത്തി ഉപയോഗിച്ച് 40 ലേറെ തവണ ആക്രമിക്കുകയായിരുന്നു.
ഹാർനേക്കിന് ഗുരുതരമായി പരിക്കേറ്റെങ്കിലും ഏറെ പ്രയത്നത്തിന് ശേഷം കാർ ലോക്ക് ചെയ്ത് ഹോൺ അടിക്കാൻ തുടങ്ങി. ബഹളം കേട്ട് സമീപത്തുള്ളവർ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . ശരീരത്തിൽ 350-ലധികം തുന്നലുകളും നിരവധി ശസ്ത്രക്രിയകളും ഉണ്ടായി .
അതേസമയം ‘ ഖാലിസ്ഥാനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചു, പക്ഷേ നിങ്ങൾക്ക് കഴിഞ്ഞില്ല. നിങ്ങളെല്ലാവരും പരാജയപ്പെട്ടു, നീതി വിജയിച്ചു. ഞാൻ എല്ലായ്‌പ്പോഴും എന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്, ഒരു മടിയും കൂടാതെ എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും ‘ എന്നാണ് ഹാർനേക്കിന്റെ അഭിപ്രായം.