ഒരു ശൈത്യകാലം കൂടി എത്തിയിരിക്കുകയാണ്. ഈ സമയങ്ങളിൽ ചർമ്മത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. മുടിയിഴകൾ പൊട്ടുകയും, ചുണ്ടുകൾ വരണ്ടു പൊട്ടുകയും തുടങ്ങിയ നിരവധി പ്രശ്ന്ങ്ങൾ അനുഭവപ്പെടാറുണ്ട്. ശൈത്യകാലത്തിൽ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടുമെന്നോർത്ത് ഇനി തല പുകയ്‌ക്കേണ്ട. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..
ശരീരത്തിൽ ജലാംശം നിലനിർത്തുക
ശൈത്യകാലത്ത് ശുദ്ധ ജലം ധാരാളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരീരം വരണ്ടുണങ്ങാതിരിക്കാൻ പ്രത്യേകം സഹായിക്കുന്നു.
ചുണ്ടുകൾ സംരംക്ഷിക്കാം
വരണ്ടുണങ്ങിയ ചുണ്ടുകൾ ശൈത്യകാലത്ത് ഏവരും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. മിക്കവരിലും കണ്ടു വരുന്ന ശീലമാണ് ലിപ് ബാമുകൾ അമിതമായി തണുപ്പ് കാലങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ലിപ് ബാമുകളെക്കാൾ ഏറെ ഗുണകരമാണ് ചെറു തേൻ ചുണ്ടുകളിൽ പുരട്ടുന്നതും കറ്റാർ വാഴ ജെൽ ചുണ്ടുകളിൽ പുരട്ടുന്നതും. ഇനി ഇവ രണ്ടും വീട്ടിൽ ഇല്ലെങ്കിൽ വെളിച്ചെണ്ണ ചുണ്ടിൽ തേക്കുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾ മൃദുവായിരിക്കാൻ സഹായിക്കുന്നു.
തണുത്ത വെള്ളത്തിൽ കുളിക്കുക
ശൈത്യകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കാൻ മടിയുള്ളവരായിരിക്കും നമ്മിൽ പലരും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വച്ചേക്കാമെന്നുള്ള മിഥ്യാധാരണകളും നമുക്കുണ്ട്. എന്നാൽ ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് വിദ്ഗധർ പറയുന്നത്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്ക് എത്താനും ശരീരം മൃദുലമാക്കാനും സഹായിക്കുന്നു.
പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുക
ശൈത്യകാലങ്ങളിൽ കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ പുരട്ടുന്നതിനു പകരം പ്രകൃതിതദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ശരീരം വരണ്ടുണങ്ങാതെ മൃദുവായിരിക്കാൻ സഹായിക്കുന്നു. തേനും പഞ്ചസാരയും ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖകാന്തി കൂട്ടാൻ സഹായിക്കുന്നു.















