ഭുവനേശ്വർ: മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കരസ്ഥമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഫോണിൽ വിളിച്ചായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. നവീൻ പട്നായിക്കിന്റെ ഓഫീസ് തന്നെയാണ് വിവരം പുറത്തുവിട്ടത്.
നിഷ്പക്ഷത പുലർത്തിയിരുന്ന നേതാവാണ് നവീൻ പട്നായിക്. ബിജെപി, കോൺഗ്രസ് പാർട്ടികൾ നയിക്കുന്ന മുന്നണികളോട് അദ്ദേഹം അകലം പാലിക്കുന്നു. ഇൻഡി സഖ്യം രൂപീകരിച്ചപ്പോൾ ക്ഷണം ലഭിച്ചെങ്കിലും പട്നായിക്കും പാർട്ടിയായ ബിജെഡിയും സഖ്യത്തിൽ നിന്നും വിട്ടുനിന്നു. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെ പട്നായിക് പ്രധാനമന്ത്രിയെ ആശംസയറിയിച്ചത് പുതിയ രാഷ്ട്രീയ നീക്കത്തിന്റെ തുടക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്കാണ് ബിജെഡി വോട്ട് ചെയ്തത്. കശ്മീർ പുനസംഘടന നടന്നപ്പോഴും സഭയിൽ ബിജെഡി അംഗങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. നിലവിൽ ഒഡീഷയിലെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് ബിജെപി.