മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതിമാരാണ് സജ്‌നയും ഫിറോസും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ഇരുവരും പ്രേക്ഷകർക്ക് സുപരിചിതരാണ്. എന്നാൽ ഒരു പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറുന്നത്. ഇപ്പോഴിതാ താരദമ്പതികൾ പിരിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു അഭിമുഖത്തിൽ സജ്‌നയാണ് വേർപിരിഞ്ഞു എന്ന വാർത്ത പങ്കുവച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച് ഇത്രയും നാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞങ്ങൾ പിരിഞ്ഞതിന്റെ കാരണം ഇതാണെന്ന തരത്തിൽ നിരവധി മോശം വാർത്തകളാണ് പുറത്ത് വരുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസ് കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് പോകാൻ കഴിയില്ല എന്ന അവസ്ഥയിൽ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വേർപിരിയൽ എന്നും സജ്‌ന പറയുന്നു.
ഞങ്ങളുടെ വേർപിരിയലിൽ മറ്റൊരാളുടെ ഇടപെടൽ ഇല്ലെന്നും താരം വ്യക്തമാക്കുന്നു. വേർപിരിഞ്ഞെങ്കിലും ഫിറോസുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞെന്ന കാര്യം അറിയില്ല. മക്കൾ എന്റെ മാതാവിനൊപ്പമാണ്. ഫിറോസ് ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുന്നുണ്ട്. അദ്ദേഹം മക്കളെ കാണാൻ വീട്ടിൽ വരാറുണ്ടെന്നും സജ്‌ന പറയുന്നു.
ഇപ്പോൾ എന്റെ പേര് സജ്‌ന ഫിറോസ് അല്ല സജ്‌ന നൂർ എന്നാണ്. നൂർ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂർ എന്നത്. ഞങ്ങൾ ഒന്നിച്ച് പണിത വീട് ഇപ്പോഴും രണ്ട് പേരുടെയും പേരിലാണ്. ഒന്നുകിൽ അത് ഞങ്ങളിൽ ഒരാൾ എടുക്കും അല്ലെങ്കിൽ വിൽക്കുമെന്നും താരം പറഞ്ഞു. പ്രണയവിവാഹിതരായ ഇരുവരുടേയും രണ്ടാമത്തെ വിവാഹം കൂടിയായിരുന്നു ഇത്.















