ചാറ്റ് ജിപിടിക്ക് എതിരാളിയായി ഗൂഗിൾ അവതരിപ്പിച്ച എഐ ബാർഡ് പുതിയ മാറ്റത്തിനൊരുങ്ങുന്നു. ചാറ്റ് ബോട്ടിന്റെ കഴിവ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള അപ്‌ഗ്രേഡാണ് കമ്പനി അവതരിപ്പിക്കുന്നത്. അടുത്തിടെയായി ഗൂഗിൾ അവതരിപ്പിച്ച മറ്റൊരു ചാറ്റ്‌ബോട്ടാണ് ജെമിനി. ഇതിന്റെ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ബാർഡിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഇതു വഴി ബാർഡിന്റെ പ്രവർത്തത്തിൽ മികച്ച മാറ്റം കൊണ്ടുവരാൻ സാധിക്കും.
മൊബൈൽ ഫോൺ, ഡാറ്റാ സെന്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത പതിപ്പുകളാണ് ജെമിനിക്കുള്ളത്. ഇവ ഉൾപ്പെടുത്തിയാവും ബാർഡിൽ പുതിയ അപ്‌ഡേഷൻ ചെയ്യുന്നത്. അൾട്രാ, പ്രോ, നാനോ എന്നിങ്ങനെയാണ് മൂന്ന് പതിപ്പുകൾ. രണ്ട് ഘട്ടങ്ങളായാണ് അപ്‌ഡേഷൻ നടത്തുന്നത്. ആദ്യം പ്രോ പതിപ്പാകും ഉപയോഗിക്കുക. പിന്നീട് അടുത്ത വർഷം ബാർഡ് അഡ്വാൻസ് പതിപ്പ് അവതരിപ്പിക്കുന്നതിലൂടെ ജെമിനിയുടെ അൾട്ര ഉപയോഗിച്ച് അപ്‌ഡേഷൻ ചെയ്യും. ഇത് ചാറ്റ് ജിപിടിക്ക് കടുത്ത എതിരാളിയാകാനുള്ള സാധ്യതയുണ്ട്.
170 രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രോ പതിപ്പ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത ബാർഡ് ലഭിക്കുക. ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദ ശകലങ്ങൾ, കോഡുകൾ എന്നിവ മനസിലാക്കാൻ അപ്‌ഗ്രേഡിലൂടെ ബാർഡിന് സാധിക്കും. പല കാര്യങ്ങളിലും ചാറ്റ് ജിപിടിയോടൊപ്പം കിടപിടിക്കുന്നതാണ് ജെമിനിയുടെ പ്രവർത്തനം. അതുകൊണ്ട് തന്നെ ജെമിനിയുടെ മേന്മകൾ ബാർഡിന് ലഭിക്കുന്നതിലൂടെ ബാർഡ് ചാറ്റ് ജിപിടിയെക്കാൾ മികച്ചതാകാൻ സാധ്യതയേറെയാണ്.















