തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 11.30 വരെ കേരളാതീരത്ത് ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.