സുലഭമായി ലഭിക്കുന്ന പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് പാഷൻ ഫ്രൂട്ട്. പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യ ഗുണങ്ങളേറെയുള്ള പാഷൻ ഫ്രൂട്ടിനോളം ഗുണങ്ങൾ നിറഞ്ഞതാണ് പാഷൻ ഫ്രൂട്ടിന്റെ തൊലിയും.
ഇനി പാഷൻ ഫ്രൂട്ട് കഴിച്ചിട്ട് തൊലി കളയാതെ അച്ചാറിടാവുന്നതാണ്. മലബന്ധ പ്രശ്നങ്ങൾ അകറ്റാനും പ്രമേഹ രോഗികൾക്കും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കിടിലൻ റെസിപ്പി ഇതാ..
ചേരുവകൾ:-
- പാഷൻ ഫ്രൂട്ട് തൊലി -അര കിലോഗ്രാം
- കടുക്-1 ടീസ്പൂൺ
- ഉലുവ -1 ടീസ്പൂൺ
- മുളക്‌പൊടി-4 ടീസ്പൂൺ
- മഞ്ഞൾപൊടി-1/4 ടീസ്പൂൺ
- കായപൊടി-1 ടീസ്പൂൺ
- പച്ചമുളക്-10
- വെളുത്തുള്ളി -20 അല്ലി
- ഇഞ്ചി- 1 കഷണം
- വിനാഗിരി
- കാന്താരി മുളക്
- കറി വേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം:-
- പാഷൻ ഫ്രൂട്ട് തൊലി ആവി കയറ്റിയെടുക്കുക. തുടർന്ന് അച്ചാറിന്റെ പാകത്തിൽ ഇഷ്ടാനുസരണം അരിഞ്ഞെടുക്കുക
- ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ചെടുക്കുക.
- ഇതിലേക്ക് ഇഞ്ചി, വെളുത്തുളളി( അരിഞ്ഞത്), പച്ചമുളക്, കാന്താരി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക.
- ശേഷം മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി പാഷൻ ഫ്രൂട്ട് തൊലി ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക.
- അഞ്ച് മിനിറ്റ് ചെറുതീയിൽ വേവിക്കുക. ഇതിന് ശേഷം കായപൊടി ചേർക്കുക.
- വിനാഗരി ചേർത്ത് ഇളക്കിയെടുത്താൽ രുചികരമായ പാഷൻ ഫ്രൂട്ട് അച്ചാർ റെഡി.















