മധുര: ചതുരഗിരികുന്നുകളിൽ റോഡ് നിർമ്മിക്കണമെങ്കിൽ ;ദേശീയ വന്യജീവി ബോർഡിന്റെ അനുമതി തേടണമെന്നു കോടതി. വിരുദുനഗർ ജില്ലയിലെ ചതുരഗിരി കുന്നുകളിൽ റോഡ് സ്ഥാപിക്കുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തീർപ്പാക്കി. അധികാരികൾക്ക് അവിടെ എന്തെങ്കിലും പ്രവർത്തനമോ നിർമാണമോ നടത്തണമെങ്കിൽ സ്വാഭാവികമായും ബന്ധപ്പെട്ട നിയമത്തിണ് അനുസരിച്ചുള്ള അനുമതി തേടണമെന്ന് കോടതി നിരീക്ഷിച്ചു.
ശ്രീവില്ലിപുത്തൂരിലെ ഗ്രിസിൽഡ് സ്ക്വിറൽ വന്യജീവി സങ്കേതത്തിന് കീഴിൽ വരുന്ന പ്രദേശത്ത് റോഡ് നിർമിക്കാനുള്ള സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് എം സുരേഷ് കുമാർ 2015ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
താണിപ്പാറ മുതൽ സതുരഗിരി മലനിരകളിലെ സുന്ദരമഹാലിംഗം ക്ഷേത്രം വരെയുള്ള നടപ്പാത വീതികൂട്ടുന്നതിൽ നിന്ന് അധികൃതരെ വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഈ വന്യജീവി സങ്കേതം ശ്രീവില്ലിപുത്തൂർ-മേഗമല കടുവാ സങ്കേതമായി ഉയർത്തിയതായി ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. അതിനാൽ നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി തേടിയില്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല.
നിലവിലുള്ള വ്യവസ്ഥകൾ അധികാരികൾ തീർച്ചയായും പാലിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാർ ഗംഗാപൂർവാല, ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.ദേശീയ വന്യജീവി ബോർഡിന്റെ അനുമതി തേടിയില്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനാകില്ലെന്നും കോടതി നിർദേശിച്ചു. നടപ്പാത മാത്രമാണ് ഉപയോഗിക്കുന്നതെന്നും റോഡ് നിർമിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അധികൃതർക്ക് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെങ്കിൽ ബന്ധപ്പെട്ട നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള അനുമതി വാങ്ങണമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഈ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തീർപ്പാക്കി.
തമിഴ്നാട്ടിൽ മധുരാജില്ലയിലെ ശ്രീവല്ലിപ്പുത്തൂരിന് സമീപത്തുള്ള താണിപ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ മല,18 സിദ്ധന്മാരും ഒന്നിച്ചു വസിച്ച്, തപസ്സനുഷ്ഠിച്ചു വന്ന സ്ഥലമാണ്.നാലുവേദങ്ങളിലെ അറിവുകളും സംഗമിക്കുന്ന ഈ മലയ്ക്ക് മറ്റു മലകളിൽ നിന്ന് വ്യത്യസ്ഥമായി ചതുരാകൃതിയാണുള്ളത്. അതുകൊണ്ടു തന്നെ ഇത് ചതുരഗിരി എന്ന പേരിൽ അറിയപ്പെടുന്നു.
ഇവിടെയുള്ള ചെടികളും വൃക്ഷങ്ങളുമെല്ലാം, സിദ്ധന്മാർ നട്ടുവളർത്തിയ ഔഷധച്ചെടികളാണ്. അതുകൊണ്ടു തന്നെ ഈ സ്ഥലം മൂലികൈക്കാട് (ഔഷധ വനം) എന്നാണ് വിളിക്കപ്പെടുന്നത്. 18 സിദ്ധന്മാരും ചേർന്ന് നടത്തിയ ശിവലിംഗ പ്രതിഷ്ഠയാണ് സുന്ദര മഹാലിംഗ ക്ഷേത്രത്തിലേത്. മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ചരിഞ്ഞ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടുത്തേത്. അമാവാസിക്കും, പൗർണ്ണമിയ്ക്കും മൂന്നു -നാല് ദിവസം വീതം ഒരു മാസത്തിൽ ആറ് – എട്ടു ദിവസം മാത്രമേ ചതുരഗിരി മലയിലേയ്ക്ക് സന്ദർശകരെ അനുവദിക്കുകയുള്ളൂ.
വൈദ്യുതി എത്താത്ത കൊടുങ്കാട്ടിലെ മലഞ്ചരിവിലൂടെ നാലഞ്ചു മണിക്കൂർ നടന്നാൽ മാത്രമേ മലമുകളിലെ സുന്ദരമഹാലിംഗ ക്ഷേത്രത്തിലെത്താൻ പറ്റൂ . ദുർഘടമായ കാട്ടുപാതയിലൂടെ സഞ്ചരിയ്ക്കാനാകാതെ ദേഹം തളർന്ന് പലരും യാത്ര മതിയാക്കി തിരിച്ചുപോവുകയാണ് പതിവ്. കാട്ടിനുള്ളിലെ വനദുർഗ്ഗാ ക്ഷേത്രവും, മലമുകളിലെ നവഗ്രഹ പ്രതിഷ്ഠയും, സിദ്ധന്മാർ തപസ്സനുഷ്ഠിക്കുന്ന ഗുഹകളുമെല്ലാം ചതുരഗിരിയെ ആത്മീയതയുടെ ഈറ്റില്ലമാക്കുന്നു.
സാധരണയായി പ്രദോഷ ദിവസം മുതൽ നാല് ദിവസത്തേക്ക് പൗർണ്ണമി, അമാവാസി ദിനങ്ങൾ വരെ , ഈ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം അനുവദിക്കാറുണ്ട്.















