ഒരുകുടക്കീഴിൽ എല്ലാം എന്ന് പറയുന്നതിന് സമാനമാണ് ഇന്ന് മൊബൈൽ ഫോൺ കയ്യിലുള്ളത്. വിരൽത്തുമ്പിൽ എല്ലാമെത്തുന്നതിനായി ഫോണുകളിലൂടെ ഉപയോക്താക്കൾക്ക് നിരവധി ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും സേവനങ്ങൾ ലഭിക്കും. ഇത്തരം ആപ്പുകളിൽ പലതിനും കൃത്യമായ പാസ്വേർഡ് സെറ്റ് ചെയ്യേണ്ടതുണ്ട്. ഓർത്തുവയ്‌ക്കാൻ പ്രയാസമാണെന്നതിനാൽ പാസ്വേർഡുകൾ സൂക്ഷിക്കുന്നതിനായി ചില ആപ്പുകൾ പലരും തിരഞ്ഞെടുക്കാറുണ്ട്. ആപ്പുകൾ കൃത്യമായി പാസ്വേർഡ് സൂക്ഷിക്കുകയും ഉപയോക്താവിന്റെ ആവശ്യാനുസരണം കൃത്യമായി ആക്‌സസ് നൽകുകയും ചെയ്യും. ഗുണങ്ങൾ ഏറെ നിലനിൽക്കുമ്പോഴും ഇതിന്റെ ചില വിപരീത വശങ്ങളെ കുറിച്ച് നാം ചിന്തിക്കാറില്ല.
മറ്റൊരു ആപ്പിന് നമ്മുടെ വിലപ്പെട്ട വിവരങ്ങളും അതിന്റെ പാസ്വേർഡുകളുമാണ് നൽകുന്നത്. ഇതിനാൽ തന്നെ ഉപയോക്താക്കളുടെ സെൻസിറ്റീവ് ആയ ഡാറ്റകൾ കൈമാറുന്നത് അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ഗവേഷകരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം ആപ്പുകളുടെ ഏറ്റവും വലിയ അപകട സാധ്യതയെന്നത് മറ്റൊരാൾക്ക് ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് ആക്‌സസ് നൽകാൻ സഹായകമാകുന്നു എന്നതാണ്.
ആൻഡ്രോയിഡ് ഫോണിൽ ലഭ്യമായിട്ടുള്ള ഓട്ടോഫിൽ പാസ്വേർഡ് ഫീച്ചറുമായി ബന്ധിപ്പിച്ചിരിക്കുന്ന ‘ഓട്ടോസ്പിൽ’ എന്ന അപകട സാധ്യതയാണ് ഗവേഷകർ വിലയിരുത്തിയത്. വെബ് ബ്രൗസർ തുറക്കാതെ തന്നെ ഓട്ടോഫിൽ പാസ്വേർഡ് പ്രവർത്തിക്കുന്ന സംവിധാനം ഗൂഗിൾ സജ്ജമാക്കിയിരുന്നു. എന്നാൽ ഓട്ടോസ്പിൽ മൂലം ആശയക്കുഴപ്പങ്ങളുണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിലാണ് ആപ്പുകൾക്ക് ഉപയോക്താക്കളറിയാതെ പാസ്വേർഡുകൾ ബേസ് ആപ്പിലേക്ക് ചോർത്താനാകുകയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.















