ചെന്നൈ: ചെന്നൈയിലെ ആശുപത്രികളിൽ 48 മണിക്കൂർ സമയത്തിനുള്ളിൽ രണ്ടു ഡോക്ടർമാർ മരിച്ചു. മദ്രാസ് മെഡിക്കൽ കോളേജിലും അയനാവരത്തെ ഇഎസ്‌ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യനും ഡോ. സോലൈസാമിയും ആണ് മരണമടഞ്ഞത്.
24 മണിക്കൂറിലേറെ നീണ്ട ജോലി ഷിഫ്റ്റിൽ നിന്ന് മടങ്ങിയ ശേഷമാണ് മരിച്ചത്. ഡോ.മരുതുപാണ്ഡ്യ ൻ 36 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു എന്നും പറയപ്പെടുന്നു.
ഡിസംബർ 10 ഞായറാഴ്ചയാണ് മദ്രാസ് മെഡിക്കൽ കോളേജിലെ (എംഎംസി) സൂപ്പർ സ്പെഷ്യാലിറ്റി ബിരുദാനന്തര ബിരുദധാരിയായ ഡോ.മരുതുപാണ്ഡ്യനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 11 തിങ്കളാഴ്ച, ചെന്നൈയിലെ അയനാവരത്തെ ഇഎസ്‌ഐ ഹോസ്പിറ്റലിലെ ഡോ. സോലൈസാമി ജോലി കഴിഞ്ഞ് മടങ്ങിയ ശേഷം മരിച്ചു. രണ്ട് ഡോക്ടർമാരും അമിത ജോലി ചെയ്തിരുന്നതായും 24 മണിക്കൂർ നീണ്ട ജോലി ഷിഫ്റ്റിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് മരിച്ചത് എന്നും ആരോപണമുണ്ട്.
രണ്ട് ഡോക്ടർമാർക്കും അമിത ജോലിയുണ്ടായിരുന്നെന്നും കടുത്ത സമ്മർദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി (DASE) സെക്രട്ടറി ഡോ.ശാന്തി എ.ആർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശുപത്രികളിൽ ജീവനക്കാരില്ലാത്തതിനാൽ ഡോക്ടർമാർക്കുണ്ടായ അമിത ജോലിയുടെ ഫലമാണിത്. മദ്രാസ് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഡോക്ടർ മരുതുപാണ്ഡ്യനെ ആശുപത്രിയിൽ ഡാറ്റാ ഓപ്പറേഷൻ ജോലിക്ക് നിയോഗിച്ചുവെന്നും അവർ ആരോപിച്ചു
ദൈർഘ്യമേറിയ ഡ്യൂട്ടി ഡോക്ടർമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാൽ 24 മണിക്കൂർ ഡ്യൂട്ടി അസൈൻമെന്റുകൾ നിർത്തലാക്കണമെന്നും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു















