AIന്യൂഡൽഹി: നിർമിത ബുദ്ധി രൂപാന്തരഘട്ടത്തിലാണെന്നും അതിനെ കഴിയുന്നത്ര സുതാര്യമാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിവർത്തനപരവും സുതാര്യവും വിശ്വസനീയവും ആയാൽ മാത്രമേ ഏതൊരു സംവിധാനവും സുസ്ഥിരമാക്കാൻ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ പാർട്‌ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ) ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കും പരിവർത്തനത്തിനുമായി ആഗോള ചട്ടക്കൂട് വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ ഇത് രൂപപ്പെടുത്തുകയും നിയമമാക്കുകയും ചെയ്യണം. ഡീപ്ഫേക്കുകളുടെ വെല്ലുവിളിക്ക് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുന്നു. സൈബർ സുരക്ഷ, ഡാറ്റ മോഷണം, ഭീകരവാദ ഗ്രൂപ്പുകളുടെ എഐ ടൂളുകളുടെ ഉപയോഗം എന്നിവയും വലിയ വെല്ലുവിളികളാണ്. ഭീകര സംഘങ്ങൾക്ക് എഐ ഉപകരണങ്ങൾ ഉണ്ടെങ്കിൽ അത് ആഗോള സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകും. നിർമിത ബുദ്ധി ദുരുപയോഗം തടയാൻ ചർച്ചകൾ സംഘടിപ്പിക്കേണ്ടതുണ്ട്, സമവായത്തിലെത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡീപ്ഫേക്ക് പോലെയുള്ള ഭീഷണികൾ ജനങ്ങളിൽ ഭയം നിറച്ചിട്ടുണ്ട്. എന്നാൽ എഐ സുതാര്യവും പക്ഷപാതരഹിതവുമാണെന്ന് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്. ജനങ്ങളുടെ നേട്ടത്തിനും നല്ല ഭാവിക്കുമുള്ളതാണ് നിർമിത ബുദ്ധി. ഇതുകൊണ്ട് ആരും പിന്നോക്കം പോകില്ലെന്നും നമുക്ക് ബോധ്യപ്പെടുത്താനാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുത്ത നയതന്ത്രജ്ഞരോടും മന്ത്രിമാരോടും വ്യവസായ പങ്കാളികളോടും വളരെയധികം ജാഗ്രതയോടെ മുന്നോട്ടുപോകാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അന്താരാഷ്‌ട്ര കാര്യങ്ങൾക്കായി ഉടമ്പടികളും പെരുമാറ്റചട്ടങ്ങളും ഉള്ളതുപോലെ ആഗോള തലത്തിൽ എഐയ്‌ക്കായി ആഗോള ചട്ടക്കൂട് എത്രയും വേഗം തയ്യാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ എന്നതിലുപരി ലോകമെമ്പാടുമുള്ള പ്രസ്ഥാനമായി മാറിയെന്നും ഇതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐയുടെ വെല്ലുവിളികളും അവസരങ്ങളും മനസിലാക്കുന്നതിനും അവയുടെ പരിണാമം പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്ന 28 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും ഫോറമാണ് ജിപിഎഐ. 2024-ൽ ഇന്ത്യയാണ് അദ്ധ്യക്ഷ പദവി വഹിക്കുന്നത്.















