ന്യൂഡൽഹി : അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അമേരിക്കയിലും രാമജ്യോതി തെളിയും. അഞ്ച് ദീപങ്ങൾ വീതം വീടുകളിൽ തെളിയിക്കുമെന്നാണ് അമേരിക്കയിലെ ഹൈന്ദവ വിശ്വാസികൾ വ്യക്തമാക്കിയത് .
വിവിധ നഗരങ്ങളിൽ റാലികൾ , ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സ്ക്രീനിംഗ്, വിശ്വാസി സംഗമം തുടങ്ങി നിരവധി പരിപാടികളാണ് ഈ അവസരത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്.
“ഇത് നമ്മുടെ എല്ലാവരുടെയും സ്വപ്ന സാക്ഷാത്കാരമാണ്. ജീവിതത്തിൽ ഒരിക്കലും ഈ ദിവസം കാണാൻ കഴിയുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ആ നിമിഷം എത്തിയിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം) ആഘോഷിക്കാനുള്ള സമയമാണിത്, – ചിക്കാഗോയിൽ നിന്നുള്ള നേതാവ് ഭാരത് ബരായ് പറഞ്ഞു.
ജനുവരി 22 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രം അധികാരികൾ ക്ഷണിച്ചവരിൽ ഒരാളാണ് ഭാരത് ബരായ് . ഇവിടുത്തെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ), ആയിരത്തിലധികം ക്ഷേത്രങ്ങൾക്കും വ്യക്തികൾക്കും ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത എല്ലാവർക്കും ചടങ്ങിൽ നിന്ന് പ്രസാദം ലഭിക്കുമെന്ന് വിഎച്ച്പിഎയുടെ നേതാവ് അമിതാഭ് മിത്തൽ പറഞ്ഞു. “അമേരിക്കൻ ഹിന്ദുക്കൾക്ക് ചടങ്ങിൽ വിദൂരമായി പങ്കെടുക്കാനും ഈ ചരിത്ര സംഭവത്തിന്റെ ഭാഗമാകാനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ഈ ചരിത്ര ചടങ്ങിന്റെ ഭാഗമാകാൻ ധാരാളം ഇന്ത്യൻ-അമേരിക്കക്കാർ അയോദ്ധ്യയിലേക്ക് പോകാനും ആഗ്രഹിക്കുന്നു,- അദ്ദേഹം പറഞ്ഞു