കണ്ണൂർ: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തളിപ്പറമ്പിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമിതവേഗത്തിൽ അശ്രദ്ധമായി കയറിവന്ന ബൈക്കാണ് വൃദ്ധനെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ പൂവോട് സ്വദേശി അശോകനാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുകയായിരുന്നു അശോകൻ.
അപകടത്തിൽ അശോകന്റെ കാലുകൾക്കാണ് പരിക്കേറ്റത്. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അശോകൻ. ഏറെ തിരക്കുള്ള ഒരു സ്ഥലമാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന്റെ മുൻവശം. വിദ്യാർത്ഥികളും വയോധികരുമെല്ലാം വളരെ പ്രയാസപ്പെട്ടാണ് ഇവിടെ റോഡ് മുറിച്ചു കടക്കുന്നത്.