പത്തനംതിട്ട: ശബരിമലയിൽ സുരക്ഷയ്‌ക്ക് നിയോഗിച്ചിരിക്കുന്ന പോലീസുകാരുടെ എണ്ണവും മുഖ്യമന്ത്രി പറഞ്ഞ കണക്കും തമ്മിൽ വൈരുധ്യം.
സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി 16,118 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും നിലവിൽ ഒരു ദിവസം ഡ്യൂട്ടിക്കുള്ളത് 3,394 പോലീസുകാർ മാത്രമാണ്. ഒരുസമയത്ത് 1,132 പേർ മാത്രമാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റ് സേവനങ്ങൾക്കുമായി മൂന്നിടത്തായിട്ടുള്ളത്.
മൂന്നിടത്തുമായി 16,118 പോലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇത് മകരവിളക്ക് വരെയുള്ള ഒരു സീസണിലെ ആകെ പോലീസുകാരുടെ എണ്ണമാണ്. ഈ എണ്ണം പറഞ്ഞാണ് മുഖ്യമന്ത്രി തടിതപ്പിയത്. രണ്ട് ഷിഫ്റ്റായിട്ടാണ് സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുള്ളത്. ഒരു സമയം 617 പേർ, രണ്ട് ഷിഫ്റ്റിലുമായി 1851 പോലീസുകാർ.
പതിനെട്ടാം പടി, സോപാനം, നടപ്പന്തൽ, മാളികപ്പുറം, ശരംകുത്തി, മരക്കൂട്ടം മേഖലകളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. പതിനെട്ടാം പടിയിലും കൊടിമരത്തിന് സമീപത്തുമായി ഒരു സമയം 50 പേരുണ്ടാവും. ക്ഷേത്രത്തിന്റെ സോപാനത്തിൽ ഒരുസമയം 40 പേർ. മറ്റ് മേഖലകളിലാണ് ബാക്കിയുള്ള പോലീസുകാരുടെ ജോലി. സന്നിധാനം മുതൽ ശബരിപീഠം വരെ ഒരു എസ്പി, 11 ഡിവൈ.എസ്പി, 33 സിഐ., 103 എസ്ഐ എന്നിങ്ങനെയാണ് സന്നിധാനത്തെ ഉദ്യോഗസ്ഥരുടെ എണ്ണം.















