ഈ വാരത്തിൽ അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ഭരണാധികാരികളെ സംബന്ധിച്ച് പുതിയ വെല്ലുവിളികൾ നേരിടുകയും അപവാദം കേൾക്കേണ്ടിയും ചെയ്യും. കലാകാരന്മാരെ സംബന്ധിച്ചു പുതിയ അവസരങ്ങൾ തേടിവരും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ച ഉത്തരവ് ലഭിക്കും.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനില്ക്കും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുമെങ്കിലും ദൈവാധീനം ഉള്ളത് കൊണ്ട് പലകാര്യങ്ങളിലും അനുകൂല സാഹചര്യം വന്നുചേരും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാവും. ജോലിയിൽ സ്ഥാനക്കയറ്റം വന്നുചേരും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
രാത്രിയിലെ സഞ്ചാരം കഴിയുന്നതും കുറയ്‌ക്കുവാൻ ശ്രമിക്കുക. ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. കുടുംബത്തിൽ വേണ്ടപ്പെട്ട ആൾക്കാരെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷ വേളകളിൽ പങ്കെടുക്കുവാനും അവസരം ഉണ്ടാവും. തൊഴിൽ ലാഭം, ധനനേട്ടം, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാം.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
സർക്കാർ സംബന്ധമായ ലോൺ എടുത്തവർക്കു കടബാധ്യത സമയാസമയം അടച്ചുതീർത്തില്ലെങ്കിൽ നടപടി നേരിടേണ്ടി വരും. ഉദരരോഗം, ഹൃദ്രോഗം, ആമാശയ രോഗം ഉള്ളവർ ഡോക്ടറെ കാണിച്ചു ചികിത്സ നടപടി എടുക്കേണ്ടതാണ്. വാരാന്ത്യം സാമ്പത്തീക ലാഭം ഉണ്ടാവും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
വളരെക്കാലമായി കാണാതിരുന്ന സത്സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വന്നുചേരും. കുടുംബത്തിലെ മംഗളകരമായ കർമ്മങ്ങളിൽ പങ്കെടുവാനുള്ള സാഹചര്യം ഉണ്ടാവും. രോഗാദിദുരിതങ്ങൾ അലട്ടുമെങ്കിലും മാനസീക ധൈര്യം കൊണ്ട് പലതും മറികടക്കാൻ പറ്റും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
കുടുബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും കുടുംബത്തിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. രോഗങ്ങൾ അലട്ടിയിരുന്നവർക്ക് രോഗ ശാന്തി ഉണ്ടാവും. പല പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്നവർക്കു ഉൾകാഴ്‌ച്ച ഉണ്ടാവുകയും പ്രശ്‌ന പരിഹാരം ഉണ്ടാവുകയും ചെയ്യും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
രോഗാദി ദുരിതവും മനോദുഃഖവും വരുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ പലതും മറികടക്കും. സഞ്ചാരശീലം കൂടും. ഭാഗ്യാനുഭവങ്ങൾ തേടി വരും. കീർത്തി, ശയന സുഖം എന്നിവ അനുഭവപ്പെടും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. കലാകാരന്മാർക്ക് പേരും പ്രശസ്‌തിയും ഉണ്ടാവും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. കുടുംബത്തിൽ സ്വത്ത് സംബന്ധമായ ചില അസ്വാരസ്യങ്ങൾ രൂപപ്പെടും. രോഗാദിദുരിതങ്ങൾ അലട്ടും. തൊഴിൽ ക്ലേശം വർദ്ധിക്കുമെങ്കിലും വാരാന്ത്യം കാര്യങ്ങൾ അനുകൂലമാകും. ശത്രുഹാനി, സാമ്പത്തിക പുരോഗതിഎന്നിവ അനുഭവപ്പെടും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
തൊഴിൽ ക്ലേശം വർദ്ധിക്കുകയും സഹപ്രവർത്തകരുമായും മേലധികാരിയുമായും വാക്കുതർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്യും. പലതരത്തിൽ ധന ക്ലേശം അനുഭവപ്പെടും. മാതൃസ്ഥാനത്ത് ഉള്ളവർക്ക് മരണ സമാനമായ അവസ്ഥകൾ ഉണ്ടാവും. ദാമ്പത്യ ഐക്യം കുറയും. മാനസിക സമ്മർദ്ദം കൂടുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും, ദുഃസ്വപ്‌നം കാണുകയും ഞെട്ടി ഉണരുകയും ചെയ്യും.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
കോടതിക്കേസുകളിൽ വിധി അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിക്കേണ്ട സമയം ആണ്. കുടുംബത്തിൽ മനഃസമാധാനകുറയുന്ന സമയം ആണ്. ജോലിയിൽ സ്ഥാന നഷ്ടമോ ചലനമോ സംഭവിക്കും. ശത്രുഹാനി, സഹോദര ഗുണം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് , സമ്മാനങ്ങൾ ലഭിക്കുക എന്നിവ അനുഭവപ്പെടും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. രോഗാദിദുരിതങ്ങൾ മാറും. ബിസിനസുകാർക്ക് പുതിയ ചില കരാർ വ്യവസ്ഥയിൽ ഒപ്പുവെക്കാൻ ഇടവരും. തൊഴിൽ സ്ഥലത്തു അപമാനം, സാമ്പത്തീക നഷ്ട്ടം , ജോലിയിൽ തരം താഴ്‌ത്തൽ എന്നിവ ഉണ്ടാവും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
തൊഴിൽ ഇടങ്ങളിൽ ബഹുമാനം കിട്ടുന്ന അവസരങ്ങൾ ഉണ്ടാവും. ആരോഗ്യ വർദ്ധനവ്, നിദ്രാസുഖം, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടും. നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ലപേര് ലഭിക്കുവാനും ഇടവരും ഭാര്യാഭര്തൃഐക്യവും പരസ്‌പര വിശ്വാസവും വർദ്ധിക്കും. സ്ഥാനപ്രാപ്തി , ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാവുമെങ്കിലും തൊഴിൽ ഇടങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാവും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















