മുംബൈ ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇന്നലെ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. അഞ്ചുതവണ കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ രോഹിത് ശർമ്മയെ മാറ്റി നായകസ്ഥാനം ഹാർദിക്ക് പാണ്ഡ്യക്ക് നൽകുകയായിരുന്നു. എന്നാൽ ഈ നീക്കം രോഹിത് ആരാധകർക്ക് ഇതുവരെയും ദഹിച്ചിട്ടില്ല. രോഹിത്തിനെ വഞ്ചിച്ചെന്നാണ് അവർ ആരോപിക്കുന്നത്. ഈ സീസണിൽക്കൂടി 36കാരനായ രോഹിത് മുംബൈയ്ക്ക് വേണ്ടി കളിക്കുമെങ്കിലും ഭാവിയിൽ മറ്റൊരു ടീമിലേക്ക് ചേക്കേറുകയോ വിരമിക്കൽ പ്രഖ്യാപിക്കുകയോ ചെയ്തേക്കാം.
ഇന്നലെ രാത്രിയോടെ രോഹിത് ആരാധകർ മുംബൈയുടെ തൊപ്പിയും ജഴ്സിയും കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 2013 മുതൽ നായകനായ രോഹിത് ശർമ്മയ്ക്ക് കീഴിൽ അഞ്ചു കിരീടം നേടിയ ടീം ഐപിഎല്ലിലെ മികച്ച ടീമുകളിൽ ഒന്നെന്ന പേരെടുത്തിരുന്നു.
രോഹിത് ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുമെന്ന് അഭ്യൂഹങ്ങൾ പടർന്നതിന് പിന്നാലെയാണ് മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുന്നത്. ദേശീയ ടീമിൽ രോഹിത് ശർമ്മയുടെ ഭാവി ഇനി എന്തെന്ന് കണ്ടുതന്നെ അറിയണം. ഭാവിയിലേക്കുള്ള ചുവടുവയ്പ്പെന്ന നിലയിലാണ് നായകസ്ഥാനം ഹാർദിക്കിന് നൽകിയത്.