കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്ലാറ്റ് 2024 പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു. ദേശീയ നിയമസർവകലാശാലകളിലെ 2024-25 അദ്ധ്യായന വർഷത്തെ പ്രവേശനത്തിനുള്ള കൗൺസിലിംഗ് നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്‌സിറ്റീസാണ് അഞ്ച് വർഷ ഇന്റഗ്രേറ്റഡ് അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കും, ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിന് വേണ്ട കൗൺസിലിംഗ് നടത്തുന്നത്.
ഇന്റഗ്രേറ്റഡ് അണ്ടർ ഗ്രാജ്വേറ്ര് പ്രോഗ്രാമുകളിൽ ബിഎ-ബിഎസ്‌സി-ബികോം-ബിബിഎ-ബിഎസ്ഡബ്ല്യൂ-എൽഎൽബി എന്നീ കോഴ്‌സുകളാണ് ഉള്ളത്. പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ എൽഎൽഎം കോഴാസാണുള്ളത്. കൗൺസിലിംഗിൽ പങ്കെടുക്കാൻ അർഹത ലഭിച്ച വിദ്യാർത്ഥികൾക്ക് ഇമെയിൽ-എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കുന്നതായിരിക്കും. കൗൺസിലിംഗിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് consortiumofnlus.ac.in/clat-2024- എന്ന വെബ്‌സൈറ്റിൽ ലോഗിൻചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർത്ത് സമർപ്പിക്കാവുന്നതാണ്.
ഡിസംബർ 20-ന് രാത്രി 10 മണിയ്‌ക്കുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. കൗൺസിലിംഗ് രജിസ്‌ട്രേഷൻ ഫീസ് 30,000 രൂപയാണ്. പട്ടിക-ഒബിസി-ബിസി-ഇഡബ്ല്യുഎസ്-പിഡബ്ല്യുഡി വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് 20,000 രൂപയാണ് ഫീസ്. അഞ്ച് റൗണ്ടുകളാണ് കൗൺസിലിംഗിനുള്ളത്. ആദ്യ മൂന്ന് റൗണ്ടുകൾ ഡിസംബർ-ജനുവരി മാസങ്ങളിൽ നടക്കും.















