ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത അറിവുകളെയും സംസ്കാരത്തെയും എളുപ്പത്തിൽ അടുത്തറിയാൻ സുവർണാവസരം. ‘IKS വിക്കി’ എന്ന പേരിൽ ഓൺലൈൻ ശേഖരം സൃഷ്ടിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഭാരതീയ സംസ്കാരത്തെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം നടത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
പരമ്പരാഗത സംവിധാനങ്ങളെ കുറിച്ചും ഇന്ത്യ സംസാകാരത്തെ കുറിച്ചും പുതു തലമുറയെ ബോധാവന്മാരാക്കുന്നതിനായുള്ള ആധികാരിക ലൈബ്രറി ആയിരിക്കും ഐകെഎസ് വിക്കി എന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ നോളജ് സിസ്റ്റംസ് ഡിവിഷന്റെ ദേശീയ കോർഡിനേറ്റർ ഗന്തി എസ് മൂർത്തി പറഞ്ഞു. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിൽ വിവരങ്ങൾ നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലീഷിലും മറ്റ് പ്രാദേശിക ഭാഷകളിലും വിവരങ്ങൾ ലഭ്യമാക്കും.
ചിത്രങ്ങൾ, സ്കെച്ചുകൾ, ഗ്രാഫിക്സ്, കാർട്ടൂൺ എന്നിവയുൾപ്പെടെയുള്ള കലാസൃഷ്ടികളുടെ രൂപത്തിലും ജനങ്ങൾക്ക് സംഭാവന നൽകാം. മികച്ച സൃഷ്ടിക്ക് 1,000 രൂപ നൽകും. വിദ്യാർത്ഥികൾക്ക് ഏത് സമയത്ത് വേണമെങ്കിലും ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.
സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇന്ത്യക്കാർ സൃഷ്ടിച്ചതും വാക്കാലുള്ള പാരമ്പര്യങ്ങൾ, കൈയെഴുത്തുപ്രതികൾ, ഗ്രന്ഥങ്ങൾ, പരമ്പരാഗത രീതികൾ എന്നിവയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചിട്ടയായ അറിവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാകും സ്വീകരിക്കുക. ഡിസംബർ 25 ആണ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെട്ടവരെ ജനുവരി അഞ്ചിന് പ്രഖ്യാപിക്കും.















