കൊല്ലം: മുഖ്യമന്ത്രിക്ക് നേരെ ഒറ്റയാൾ പ്രതിക്ഷേധവുമായി യുവാവ്. പുനലൂരിൽ നടന്ന നവകേരള സദസിനിടയിലാണ് മുഖ്യമന്ത്രിക്ക് മുന്നിൽ പോയി നിന്ന് യുവാവ് പ്രതിഷേധിച്ചത്. പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷ ഭേദിച്ചും ബാരിക്കേഡ് മറികടന്നുമാണ് യുവാവ് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയത്.
‘‘നവകേരള സദസ് ഏതെങ്കിലും മുന്നണികൾക്ക് എതിരല്ല. ഈ പരിപാടി ഏതെങ്കിലും മുന്നണികൾക്ക് അനുകൂലമോ അല്ല. നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങൾക്ക് വേണ്ടിയാണ്. നമ്മുടെ ഭാവിക്ക് വേണ്ടിയാണ്…’’ എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ ‘അല്ല… അല്ല…’ എന്നു ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് യുവാവ് പിണറായി വിജയന് അരികിലേയ്ക്ക് വരികയായിരുന്നു.
പുനലൂർ നരിക്കൽ സ്വദേശി ഹരിലാലാണ് മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ഉടൻ തന്നെ പോലീസ് ഇദ്ദേഹത്തെ പിടികൂടി വേദിയ്ക്ക് പിന്നിലേയ്ക്ക് കൊണ്ടുപോയി. ഡിവൈഎഫ്ഐ വൊളന്റിയർമാർ ഹരിലാലിനെ മർദ്ദിക്കുകയും ചെയ്തു.