ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക്. മുൻ സേലം എംഎൽഎയും തമിഴ്‌നാട് മന്ത്രിയുമായിരുന്ന എഐഎഡിഎംകെ നേതാവ് വെങ്കിടാചലം ബിജെപിയിൽ ചേർന്നു. സംസ്ഥാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ബിജെപി ഉപാദ്ധ്യക്ഷന്മാരായ കെ.പി രാമലിംഗവും കരുനാഗരാജനും വെങ്കിടാചലത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
നിരവധി അനുയായികളോടൊപ്പമാണ് വെങ്കിടാചലം ബിജെപിയിലെത്തിയത്. സേലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ മാറ്റം എഐഡിഎംകെ നേതൃത്വത്തിന് വലിയ തിരച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ നടത്തുന്ന ജനകീയ പദ്ധതികളിൽ പ്രചോദിതനായാണ് വെങ്കിടാചലത്തിന്റെ ബിജെപി പ്രവേശം. സേലം മണ്ഡലത്തിലെ പരിണിത പ്രജ്ഞനായ നേതാവാണ് വെങ്കിടാചലം.
ഇത് സംബന്ധിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈ സമൂഹമാദ്ധ്യമത്തിലൂടെ സന്തോഷം പങ്കുവെച്ചു. മുൻ സേലം നിയമസഭാംഗവും തമിഴ്നാട് രാഷ്‌ട്രീയത്തിലെ സജീവ മുഖവുമായ വെങ്കടാചലം തന്റെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നു. ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി.രാമലിംഗം, കരുനാഗരാജൻ എന്നിവർ ചേർന്ന് ഇവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവിലുള്ള പ്രചോദനമാണ് വെങ്കിടാചലത്തെ ബിജെപിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ആഴത്തിലുള്ള രാഷ്‌ട്രീയ അനുഭവം ബിജെപിക്ക് പ്രയോജനം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു.















