അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. 300 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. uiic.co.in എന്ന വെബ്സൈറ്റ് മുഖേന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 16 മുതൽ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള ജാലകം തുറന്നിട്ടുണ്ട്. ജനുവരി ആറ് വരെയാണ് അപേക്ഷിക്കാനാകുക.
21-നും 30-നും ഇടയിൽ പ്രായമുള്ളവർക്കാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ നിയമിക്കപ്പെടുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പ്രാവീണ്യമുള്ളവരായിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പരീക്ഷാ തീയതിയുടെ പത്ത് ദിവസം മുമ്പ് മാത്രമാകും ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുക.
എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിൽ ഉൾപ്പെടുന്നവരും കമ്പനി ജീവനക്കാരും 250 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്. മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ 1,000 രൂപ ഫീസ് അടയ്ക്കണം. ആദ്യ ഘട്ടത്തിൽ ഉദ്യോഗാർത്ഥികൾ ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കണം. ഇതിൽ നിന്ന് വിജയിക്കുന്നവരാകും പ്രാദേശിക ഭാഷ പരീക്ഷയിലേക്ക് കടക്കുക. 37,000 രൂപയാണ് അടിസ്ഥാന ശമ്പളം.















