വലിയൊരു സ്റ്റാർഡം ഇല്ലാത്ത വ്യക്തിയാണ് പ്രഭാസെന്ന് നടൻ പൃഥ്വിരാജ്. വളരെ സിംപിളായിട്ടാണ് അദ്ദേഹം പെരുമാറുന്നതെന്നും സഹപ്രവർത്തകരോട് അതിഥിയെ പോലെയാണ് പെരുമാറുന്നതെന്നും അതിനാലാണ് എല്ലാവരും അയാളെ ഡാര്‍ലിംഗ് എന്ന് വിളിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. സലാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘പ്രഭാസ് തീർച്ചയായും ഒരു ഡാർലിംഗിനെപ്പോലെയാണ്. കൂടെ പ്രവർത്തിച്ച എല്ലാവരും അങ്ങനെ മാത്രമേ പറയുകയുള്ളൂ. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അതിഥിയാണ് നമ്മളെന്ന് തോന്നും.
നമ്മള്‍ക്കായി ഷെഫ് ഉണ്ടെന്ന് അദ്ദേഹം ഉറപ്പാക്കും. ഇന്ന് എന്തെങ്കിലും പ്രത്യേകിച്ച് കഴിക്കണമെന്നുണ്ടോ എന്ന് എല്ലാ ദിവസവും ചോദിക്കും. എന്നോട് മാത്രമല്ല, സെറ്റിലുള്ള 20 അഭിനേതാക്കളോടും ചോദിക്കും. അത് അസാധ്യമാണ്. ചിലപ്പോള്‍ ഒരു ദിവസത്തേക്ക് നമ്മള്‍ക്ക് പറ്റും. പക്ഷെ എല്ലാ ദിവസവും പറ്റില്ല. തന്റെ സ്റ്റാര്‍ഡത്തെ കുറിച്ച് അറിയാത്ത ആളാണ് അദ്ദേഹം. എത്ര വലിയ താരമാണെന്ന് പ്രഭാസിന് അറിയില്ല..’- പൃഥ്വിരാജ് പറഞ്ഞു.