അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ പ്രതിരോധശേഷി ആവശ്യമാണ്. രോഗങ്ങൾ വരാതിരിക്കാൻ നിരവധി വഴികൾ എല്ലാവരും തേടാറുണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിലും ചില വഴികളുണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം.
ദഹനം
ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നത് അത്യാവശ്യമായ ഘടകമാണ്. ഇതിനായി പോഷകാംശമുള്ള വേഗത്തിൽ ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. ഇഞ്ചിയും മഞ്ഞളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും ഇവയുടെ ആന്റി ഇന്‍ഫ്ളമേറ്ററി സവിശേഷതകള്‍ കുടലിന്റെ പ്രശ്നങ്ങളെ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ കൂടുതൽ കഴിക്കുന്നതാണ് നല്ലത്. കട്ടിയുള്ളതും എണ്ണയില്‍ വറുക്കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഇവ ദഹനവ്യവസ്ഥയെ ബാധിക്കും. ദഹനം സുഗമമായാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും രക്ഷ നേടാം.
ആയുർവേദ സൂപ്പർഫുഡുകൾ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമായ മറ്റൊന്നാണ് ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക എന്നത്. ആയുർവേദം അനുസരിച്ചുള്ള ചില ആഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ച് നെല്ലിക്ക, ഈത്തപ്പഴം, വെണ്ണ, ശർക്കര, തുളസി ഇല, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
ഹെർബൽ ടീ
തുളസി, കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ, മഞ്ഞൾ, കുരുമുളക് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഹെർബൽ ടീയ്ക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമായ ഹെർബൽ ടീ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തെ വിഷാംശം ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
നസ്യ ചികിത്സ
ഒരു ആയുർവേദ തെറാപ്പിയാണ് നസ്യ ചികിത്സ. ആയുർവേദത്തിൽ പറയുന്ന അഞ്ച് പഞ്ചകർമ്മ ചികിത്സകളിൽ ഒന്നാണ് നസ്യ.
കണ്ഠത്തിലും ശിരസ്സിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങളിലും നസ്യം ഏറ്റവും ഉത്തമമായ ചികിത്സാക്രമമാണ്. നാസിക ശിരസിലേക്കുള്ള ഒരു ദ്വാരമാണ്. അതുകൊണ്ട് നാസാദ്വാരം വഴി ശിരസ്സിന്റെ എല്ലാഭാഗത്തും വ്യാപിച്ച് അവിടെയുള്ള രോഗങ്ങളെ ശമിപ്പിക്കുമെന്നാണ് പറയുന്നത്.
ഇതിനായി ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എണ്ണയാണ് ഉപയോഗിക്കുന്നത്. ഈ എണ്ണ ആദ്യം ഒരു മൂക്കില്‍ ഒഴിക്കുക. അതിനുശേഷം പത്തുമിനിറ്റിനു ശേഷം അടുത്തതിലും ഒഴിക്കുന്നു. ഇത് നന്നായി മുകളിലേയ്ക്ക് വലിച്ചെടുക്കുക. അതിന് ശേഷം വായിലേക്ക് വരുന്ന കഫം തുപ്പി കളയുക. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യവിദഗ്ദരുടെ അഭിപ്രായത്തോടെ മാത്രമാണ് നസ്യ ചികിത്സ നടത്തേണ്ടത്.
ഓയിൽ പുള്ളിംഗ് തെറാപ്പി
വായയിലെ നൂറുകണക്കിനെ അണുക്കളെ നശിപ്പിക്കുന്നതിനാണ് ഓയിൽ പുള്ളിംഗ് തെറാപ്പി ചെയ്യുന്നത്. ഒരു ടേബിൾസ്പൂൺ നിറയെ എണ്ണ അതിരാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് വെറും വയറ്റിൽ ഏകദേശം 20 മിനിറ്റ് നേരം വായയിൽ ചുഴറ്റുന്നതാണ് ഓയിൽ പുള്ളിംഗ് തെറാപ്പി. ഇത്
അണുക്കളെ നശിപ്പിക്കാനും വായയുടെ പ്രതിരോധത്തിനും സഹായകമാകുന്നു.