തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേഭാരത് ഈ വനിതയുടെ കൈകളിൽ ഭദ്രം. ലോക്കോ പൈലറ്റായ മരിയ ഗൊരേത്തിയാണ് വന്ദേഭാരതിലെ തിരുവനന്തപുരം ഡിവിഷനിലെ ആദ്യ വനിതാ സാരഥി. വന്ദേഭാരത് ട്രെയിൻ ഓടിക്കുവാനുള്ള തീവ്രപരിശീലനം പൂർത്തിയാക്കി മരിയ തിരുവനന്തപുരം ഡിവിഷനിലെ ചാർജെടുത്തു. റെയിൽവേയിൽ 25 വർഷത്തെ സേവനത്തിന്റെ നിറവിൽ നിൽക്കുമ്പോഴാണ് പുതിയ നിയോഗം മരിയയെ തേടിയെത്തിയത്.
എറണാകുളം ജില്ലയിൽ വരാപ്പുഴയിലാണ് ഗൊരേത്തി കുടുംബസമേതം താമസിക്കുന്നത്. പോൾ ടോമി പാവനത്തറയാണ് ഭർത്താവ്. എയർഫോഴ്സിൽ നിന്നും വിരമിച്ച അദ്ദേഹം നിലവിൽ സംസ്ഥാന സർവീസിലണ് ജോലി ചെയ്യുന്നത്.
എംബിബിഎസ് ആദ്യ വർഷ വിദ്യാർഥിയായ ഇഷാ പോളും എയർക്രാഫ്റ്റ് പൈലറ്റ് പരിശീലനം നേടുന്ന ഐറിൻ പോളുമാണ് മരിയാ ഗൊരേത്തിയുടെ മക്കൾ.