ന്യൂഡൽഹി: പുതിയ സിം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇനി വെറും ആറ് ദിവസം മാത്രമാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരാനുള്ളത്. സിം കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നീക്കം. 2024 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സ്മാർട്‌ഫോണിന്റെ ഉപയോഗം രാജ്യത്ത് അനുദിനം വർദ്ധിച്ചുവരികയാണ്. ഇതിനൊപ്പം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഏറുകയാണ്. ഇതോടെയാണ് ഇത്തരം തട്ടിപ്പുകൾ തടയിടുന്നതിന് സർക്കാർ നിയമം പ്രാബല്യത്തിൽ വരുത്തുന്നത്. പുതിയ ടെലികമ്മ്യൂണിക്കേഷൻ ബിൽ അനുസരിച്ച് വ്യാജ സിം കാർഡുകൾ വാങ്ങുന്ന വ്യക്തികൾക്ക് കനത്ത ശിക്ഷ നേരിടേണ്ടി വന്നേക്കാം. കുറ്റവാളികൾക്ക് മൂന്ന് വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടതായി വന്നേക്കും.
സിം കാർഡ് എടുക്കുന്ന ഓരോ ഉപയോക്താവിന്റെയും ബയോമെട്രിക് വിവരങ്ങൾ ടെലികോം കമ്പനികൾ ശേഖരിക്കും. ബയോമെട്രിക് സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതോടെ സിം കാർഡുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നത് കുറയും എന്നാണ് വിലയിരുത്തൽ. 2024 ജനുവരി ഒന്ന് മുതൽ സിം കാർഡുകൾ ലഭ്യമാകുക ഡിജിറ്റൽ കെവൈസിയിലൂടെയാകും. കൂടാതെ പുതിയ നിയന്ത്രണങ്ങൾ സിം കാർഡുകൾ വിൽക്കുന്നവർക്കും ബാധകമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ടെലികോം ഫ്രാഞ്ചൈസികളുടെയും പോയിന്റ് ഓഫ് സെയിൽ ഏജന്റുമാരുടെയും സിം വിതരണക്കാരുടെയും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.