ഇടുക്കി: മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പയ്‌ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച് ജീപ്പ് സഞ്ചാരികൾ. മൂന്നാർ ചൊക്കനാട് വട്ടക്കാട് എസ്റ്റേറ്റിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ഒരു സംഘം ആളുകൾ പടയപ്പയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വാഴ തോപ്പിന് സമീപത്തായി നിൽക്കുകയായിരുന്ന പടയപ്പയെ ജീപ്പിലെത്തിയ സംഘം പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ജീപ്പ് ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കിയും വാഹനം ഇടിപ്പിക്കാനെന്ന തരത്തിൽ മുന്നോട്ടെടുത്തുമാണ് പ്രശ്നമുണ്ടാക്കിയത്. സംഭവ സമയം പ്രദേശവാസികളിൽ ചിലർ ഇവിടെ ഉണ്ടായിരുന്നു.
ജീപ്പിലുണ്ടായിരുന്നവരുമായി പ്രദേശവാസികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെ സംഘം ഇവിടെ നിന്നും കടന്നു. സംഭവത്തിൽ പ്രദേശവാസികളുടെ പരാതിയിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ ഇവരെ പിടികൂടുമെന്ന് അധികൃതർ വ്യക്തമാക്കി.















