തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിൻകാട് മൈതാനത്തെ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാവിലെ 11.00 മണി മുതലാണ് നിയന്ത്രണം ഉണ്ടാകുക. തേക്കിൻകാട് മൈതാനത്തും സ്വരാജ് റൗണ്ടിലും സമീപ പ്രദേശത്തും രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല. കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും.
റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷകൾക്കായി എത്തുന്നവരും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വിവരം മുൻകൂട്ടി മനസിലാക്കി പ്രവർത്തിക്കേണ്ടതാണ്. പരിപാടിയിലേക്കെത്തുന്ന പ്രവർത്തകരുടെ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.