മുംബൈ: സൈബർ തട്ടിപ്പ് സംഘം ബോളിവുഡ് താരം അഞ്ജലി പാട്ടീൽലിൽ നിന്ന് 5.79 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ടാണ് പണം തട്ടിയെടുത്ത്. ഫെഡ്എക്സ് കൊറിയർ കമ്പനിയിലെ ജീവനക്കാരനായ ദീപക് ശർമ്മയാണെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്ന് വന്ന ഫോൺ കോളോടെയാണ് തട്ടിപ്പിന്റെ തുടക്കം.
തായ്‌വാനിൽ നിന്ന് നടിയുടെ പേരിൽ എത്തിയ ഒരു പാഴ്‌സലിൽ മയക്കുമരന്നുണ്ടെന്നും അതിനാൽ കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ചിരിക്കികയാണെന്നും വിളിച്ചയാൾ നടിയോട് പറഞ്ഞു. പാഴ്‌സലിൽ നടിയുടെ ആധാർ കാർഡിന്റെ കോപ്പി കണ്ടെടുത്തതായും ഇയാൾ അറിയിച്ചു. സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ മുംബൈ സൈബർ പോലീസുമായി ബന്ധപ്പെടണമെന്നും വിളിച്ചയാൾ നടിയെ ഉപദേശിച്ചു.
ഇതിന് പിന്നാലെ മുംബൈ സൈബർ പോലീസിലെ ബാനർജിയാണെന്ന് പരിചയപ്പെടുത്തിയ ഒരു സ്‌കൈപ്പ് കോൾ അഞ്ജലിക്ക് ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാർ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാനർജി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിനായി 96,525 രൂപ നൽകാനും അയാൾ ആവശ്യപ്പെട്ടു. പണം ട്രാൻസ്ഫർ ചെയതതോടെ കേസ് അവസാനിപ്പിക്കാനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും, പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് 4,83,291 രൂപ കൂടി നിക്ഷേപിക്കാൻ നടിയെ ഇയാൾ നിർബന്ധിച്ചു. ഈ അക്കൗണ്ടുകളെല്ലാം നിയന്ത്രിച്ചത് സൈബർ തട്ടിപ്പ് സംഘങ്ങളായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
ദിവസങ്ങൾക്ക് ശേഷം താൻ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ നടി ഡിഎൻ നഗർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പോലീസും സൈബർ സെല്ലും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈൻഡിംഗ് ഫാനി (2014), ന്യൂട്ടൺ (2017), കൗൺ പ്രവീൺ താംബെ തുടങ്ങിയ ചിത്രങ്ങളിലെ പ്രശസ്തയാണ് നടി അഞ്ജലി പാട്ടീൽ.















