നടൻ ബിജുക്കുട്ടൻ സിനിമാ പ്രമോഷന് സഹകിരക്കുന്നില്ലെന്ന പരാതിയുമായി യുവ സംവിധായകൻ. ബിജുക്കുട്ടൻ അഭിനയിച്ച കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകൻ ഹുസൈൻ അറോണിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അഭിനയിക്കുന്നതിനും പ്രമോഷൻ പരിപാടികൾക്കുമായി മുൻകൂറായി പണം വാങ്ങിയ താരം ഇപ്പോൾ സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു. ചിത്രം നാളെ തീയേറ്ററുകളിലെത്താനിരിക്കെയാണ് സംവിധായകന്റെ ആരോപണം.
എന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജുക്കുട്ടനാണ്. ചിത്രത്തിൽ സീനിയർ ആർട്ടിസ്റ്റുകളടക്കം 32 ഓളം താരങ്ങൾ അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ പ്രമോഷൻ പരിപാടികൾക്ക് വിളിച്ചാൽ ഇവർ ആരും എത്തുന്നില്ല. ചിത്രത്തിലെ പ്രധാന താരങ്ങൾ എത്താതെ എങ്ങനെയാണ് പ്രമോഷൻ നടത്താൻ സാധിക്കുക. സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോൾ താരങ്ങൾ പറയും പ്രമോഷൻ പരിപാടികൾ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് അറിയിച്ചാൽ മതിയെന്ന്. രണ്ട് മാസം മുൻപ് അറിയിച്ചാലും ഇവരാരും എത്തില്ല.
സിനിമയിൽ സീനിയറായി നിൽക്കുന്ന താരങ്ങൾ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ എന്നെപ്പോലുള്ള പുതിയ സംവിധായകർ ഭയന്ന് പിന്നിലേയ്‌ക്ക് പോകും. സിനിമ നാളെ റിലീസാകാൻ പോവുകയാണ്, പക്ഷേ സിനിമയ്‌ക്ക് ആവശ്യമായ ഒരു തരത്തിലുള്ള പ്രമോഷൻ പരിപാടികളും നടന്നിട്ടില്ല. ഈ സിനിമ ചെയ്യാനായി വളരെ കഷ്ടപ്പെട്ടാണ് പണം കണ്ടെത്തിയത്. തീയേറ്ററുടമകളടക്കം സിനിമയ്‌ക്ക് പ്രമോഷനുണ്ടോ എന്നാണ് ചോദിക്കുന്നത്. ചിത്രത്തിൽ ആറ് നടൻന്മാർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ അവർക്കാർക്കും നൽകാത്ത പ്രാധാന്യമാണ് ബിജുക്കുട്ടന് നൽകിയത്.















