അമീർഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകൾ ഇറ ഖാൻ വിവാഹിതയായി. ഫിറ്റ്നസ് ട്രെയിനറും ദീർഘകാല പങ്കളിയുമായ നുപൂർ ശിഖരെയാണ് വരൻ. മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അമീർഖാന്റെ രണ്ടാം ഭാര്യ കിരൺ റാവുവിന്റെയും കുടുംബങ്ങളും വിവാഹ ചടങ്ങിനെത്തിയിരുന്നു.
ജനുവരി 3 ബുധനാഴ്ച മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ പരമ്പരാഗത വേഷമണിഞ്ഞായിരുന്നു ഇറാ ഖാനും നുപൂർ ശിഖരും എത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ലളിതമായ വിവാഹ ചടങ്ങിൽ രജിസ്ട്രേഷൻ മാത്രമാണ് ഉണ്ടായിരുന്നത്. വിവാഹ രജിസ്ട്രേഷന് ഇറ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചപ്പോൾ നുപൂർ ശിഖരെ ഷോർട്സും കറുപ്പ് നിറത്തിലെ ബനിയനും മാത്രമാണ് ധരിച്ചിരുന്നത്. വിവാഹത്തിന് നുപൂർ ശിഖർ 8 കിലോമീറ്റർ നടന്നായിരുന്നു എത്തിയത്. വിവാഹത്തിന്റെ റിസപ്ഷൻ ജനുവരി 13 ന് മുംബൈയിൽ നടക്കുമെന്ന് അമീർഖാനും മറ്റ് കുടുംബാംഗങ്ങളും അറിയിച്ചു.

കഴിഞ്ഞ സെപ്തംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. നവംബറിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത നിശ്ചയവും ഉണ്ടായിരുന്നു.
















