തൃശൂർ: പ്രധാനമന്ത്രി കഴിഞ്ഞദിവസം മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത വേദിയ്‌ക്ക് സമീപം അതിക്രമിച്ച് കയറി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് ബിജെപി പ്രവർത്തകർ. പൊളിച്ചുകൊണ്ടിരുന്ന സ്റ്റേജിന് സമീപമെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ നാടകത്തിന് ശ്രമിച്ചത്. എന്നാൽ അതേസമയം അവിടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകർ പ്രതിഷേധക്കാരെ തടയുകയായിരുന്നു. പിന്നാലെ പോലീസെത്തി ഇരുവിഭാഗം പ്രവർത്തകരെയും നിയന്ത്രിച്ചു.
പ്രധാനമന്ത്രിയുടെ പരിപാടിക്കായി ബുക്ക് ചെയ്ത തേക്കിൻകാട് മൈതാനിയിൽ അതിക്രമിച്ച് കയറി പ്രതിഷേധിക്കാൻ കോൺഗ്രസുകാർക്ക് പോലീസ് ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയപ്പോൾ പോലീസ് നോക്കി നിന്നു. പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചില്ല. സംഘർഷം സൃഷ്ടിക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് അവസരം ഒരുക്കിക്കൊടുക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അനീഷ് കുമാർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെത്തിയ വേദിയിലെത്തി പ്രതിഷേധത്തിനായി യൂത്ത് കോൺഗ്രസുകാരെ പറഞ്ഞയച്ച ടി.എൻ. പ്രതാപൻ മറുപടി പറയേണ്ടിവരുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ പറഞ്ഞു. ഇത്തരത്തിലൊരു പ്രതിഷേധ നാടകത്തിന് ശ്രമിച്ച പ്രതാപനെ ചാണകവെള്ളത്തിൽ കുളിപ്പിക്കാൻ ബിജെപിക്കറിയാം. പ്രകോപനം സൃഷ്ടിച്ച് ആപത്ത് ക്ഷണിച്ചുവരുത്താതിരിക്കാൻ എം.പി. ശ്രദ്ധിക്കണമെന്നും അനീഷ് പറഞ്ഞു.