എല്ലാ വീടുകളിലും, എല്ലാ അടുക്കളയിലും ലഭ്യമായ സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പൂ അഥവ കരയാമ്പൂ. പല രോഗങ്ങളെ ചെറുക്കാൻ സഹായകമാണ് ഗ്രാമ്പൂ. കറികളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും ഗ്രാമ്പൂവിലടങ്ങിയിരിക്കുന്നു. ഗ്രാമ്പൂവിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ..
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കാനും ശ്വേത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. തലവേദനയിൽ നിന്ന് മുക്തി നേടാനും ഗ്രാമ്പൂ കഴിക്കാം. സമ്മർദ്ദമകറ്റാനും ഹോർമോണുകളുടെ ഉത്പാദനത്തിനും കരയാമ്പൂ ശീലമാക്കൂ. ആൻ്റി സെപ്റ്റിക് ഗുണങ്ങൾ നിറഞ്ഞതാണ് ഗ്രാമ്പൂ. അതുകൊണ്ട് തന്നെ മുറിവുണക്കാൻ ഇതിന് കഴിയും.
ഗ്രാമ്പൂ ഇട്ട ചായ കുടിക്കുന്നത് ഞരമ്പുകളെ ശാന്തമാക്കി ഉത്കണ്ഠ അകറ്റും. ചർമ്മ സംരക്ഷണത്തിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗ്രാമ്പൂ. ചുളിവുകൾ അകറ്റി ചർമത്തെ യുവത്വമുള്ളതാക്കി മാറ്റാൻ ഇതിന് കഴിയും. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. ഗ്രാമ്പൂവിലെ യൂജിനോൾ എന്ന ഘടകം സന്ധിവാതം കുറയ്ക്കാൻ സഹായിക്കുന്നു. സന്ധികളിൽ ഗ്രാമ്പൂ ഓയിൽ പുരട്ടി തടവുന്നതും നല്ലതാണ്.
കരളിലെ നീർക്കെട്ട് കുറയ്ക്കുന്നതിനും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിനും ഗ്രാമ്പൂവിനെ കൂട്ടുപിടിക്കാവുന്നതാണ്. പല്ലുവേദന കുറയ്ക്കാനും വായിലെ വീക്കം, മോണ വീക്കം എന്നിവ കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും. എന്നാൽ ഗ്രാമ്പൂ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അലർജി സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാം. രക്തം കട്ടപിടിക്കുന്നതിനും വയറിളക്കത്തിനും ഛർദ്ദിക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ഉപയോഗിക്കുന്ന അളവിനെക്കുറിച്ച് ജാഗ്രത പാലിക്കണം.