സലാർ സിനിമയുടെ രണ്ടാം ഭാഗം ചെയ്തതിന് ശേഷം ഹൊറർ സിനിമ ചെയ്യുന്നതിലേക്ക് കടക്കുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ. തനിക്ക് പല തരത്തിലുള്ള സിനിമകളും ചെയ്യാൻ ഇഷ്ടമാണെന്നും പ്രശാന്ത് നീൽ പറഞ്ഞു. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സലാർ സിനിമയുടെ രണ്ടാം ഭാഗം നേരത്തെ തയ്യാറാക്കിയതാണ്. സിനിമയുടെ ചിത്രീകരണത്തിന് ഉടൻ തുടക്കമാകും. പ്രേക്ഷകരിലേക്ക് സിനിമ വേഗത്തിലെത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരുപാട് ആരാധകർ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നെന്ന് അറിയാം. ഉടൻ തന്നെ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും പുറത്ത് വിടുന്നതാണ്.
സിനിമാ പ്രേക്ഷകരെ എന്റെ സിനിമയിലൂടെ എന്റർടെയിൻ ചെയ്യിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഞാൻ തിരഞ്ഞെടുക്കുന്ന സിനിമകളുടെ ആത്യന്തികമായ ലക്ഷ്യവും അതാണ്. സലാർ മനസിലാക്കാൻ പ്രയാസമുള്ള ഒരു സിനിമയാണ്. എന്നാൽ, എന്റെ അടുത്ത പ്രൊജക്ട് ഒരു ഹൊറർ സിനിമ ആയിരിക്കും. എന്റെ ഓരോ സിനിമയ്‌ക്കും പ്രേക്ഷകർ നൽകിയ സ്നേഹം ഇനി വരുന്ന സിനിമകൾക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.’- പ്രശാന്ത് നീൽ പറഞ്ഞു.















