അഹമ്മദാബാദ്: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള കൊടിമരങ്ങൾ ഗുജറാത്തിൽ നിന്നും പുറപ്പെട്ടു. അഹമ്മദാബാദിൽ നിന്നും ആചാരാനുഷ്ഠാനങ്ങൾ പ്രകാരമാണ് കൊടിമരങ്ങൾ വഹിച്ചുകൊണ്ടുള്ള വാഹനം പുറപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ജഗത്ഗുരു രാമഭദ്രാചാര്യയുമാണ് കൊടിമരങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 7 കൊടിമരങ്ങളാണ് അയോദ്ധ്യയിലേയ്‌ക്ക് പുറപ്പെട്ടത്.
44 അടി നീളമുള്ള ഒരു കൊടിമരവും ആറ് ചെറിയ കൊടിമരങ്ങളും കൊണ്ടാണ് അഹമ്മദാബാദിൽ നിന്നും ട്രക്ക് പുറപ്പെട്ടത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മുറ്റത്ത് സ്ഥാപിക്കുന്ന 56 ഇഞ്ച് വലിപ്പമുള്ള, 450 കിലോഗ്രാം ഭാരമുള്ള നാഗദ ഢോലും ഗുജറാത്തിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. സ്വർണം കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ആചാരപരമായ പൂജകൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാമക്ഷേത്രത്തിനായി നാഗരു സമർപ്പിച്ചത്.
സഹമന്ത്രി ജഗദീഷ് വിശ്വകർമ, എംഎൽഎമാരായ കൗശിക് ജെയിൻ, അമിത് താക്കർ, ദർശനബെൻ വഗേല, പ്രാദേശിക കോർപ്പറേറ്റർമാർ, വിശ്വഹിന്ദു പരിഷത്ത് നേതാക്കന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 22-നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. അതിന് മുന്നോടിയായി കൊടിമരങ്ങൾ പുണ്യഭൂമിയിൽ എത്തും.















