തിരുവനന്തപുരം: കേരളത്തിൽ വരുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലാണ് മഴ തുടരുന്നത്. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട്.
കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാൽ, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.