പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടി കയറുന്നതിനിടെ തീർത്ഥാടന് പോലീസ് മർദ്ദനമേറ്റതായി പരാതി. ബെംഗളൂരു സ്വദേശി രാജേഷിനെയാണ് പോലീസ് മർദ്ദിച്ചത്. പരിക്കേറ്റ തീർത്ഥാടകനെ സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നെത്തിയ 22 അംഗ സംഘത്തോടൊപ്പം ശബരിമലദർശനത്തിന് എത്തിയതാണ് രാജേഷ്. സംഘത്തിലൊരാളുടെ ആറു വയസുകാരൻ മകൻ രാജേഷിനൊപ്പമാണ് പടി ചവിട്ടിയത്. കുട്ടി വേഗത്തിൽ പടി കയറുന്നില്ലെന്നാരോപിച്ചാണ് പോലീസ് മർദ്ദിച്ചതെന്ന് രാജേഷ് പറഞ്ഞു.
സന്നിധാനത്ത് പോലീസിന്റെ ഗുണ്ടകളെ പോലെയുള്ള സമീപനം തുടരുകയാണ്. കഴിഞ്ഞ ദിവസം സമാന രീതിയിൽ തമിഴ്നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദിനെയും പോലീസ് പതിനെട്ടാം പടിയിൽ വച്ച് മർദ്ദിച്ചിരുന്നു. കേരളത്തിന്റെ തനിമയ്ക്കും പൈതൃകത്തിനും തന്നെ വിള്ളൽ വീഴ്ത്തുന്ന സമീപനമാണ് കേരള പോലീസിന്റേത് എന്ന ആരോപണം ശക്തമാണ്.















